മിഹിറിന് നീതി ലഭിക്കണം, കേരളത്തിലെ ഒരു സ്‌കൂളിലാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല: കൈലാസ് മേനോന്‍

ക്രൂരമായ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നുണ്ടായ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്ന് ചാടിയാണ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത്. ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഹാഷ്ടാഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ടോയ്‌ലെറ്റ് നക്കിച്ചുവെന്നും ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ളഷ് ചെയ്തുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്. അമ്മ റജ്‌ന പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴയാണ് കമന്റിലൂടെ കൈലാസ് മേനോന്‍ പ്രതികരിച്ചിരിക്കുന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.

”ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഇത്രയും ഭയാനകമായ റാഗിങ്ങും ഭീഷണിയും മിഹിറിന് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അറിഞ്ഞതില്‍ വിമഷമമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ സമഗ്രമമായ അന്വേഷണം നടത്തി മിഹിറിനും കുടുംബത്തിനും നീതി ഉറപ്പാക്കണം. ഒരു വാക്കുകള്‍ക്കും നിങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ എല്ലാവിധ പിന്തുണയുമുണ്ട്. ഇത് കഴിയുംപോലെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുമുണ്ട്” എന്നാണ് കൈലാസ് മേനോന്റെ കമന്റ്.

മിഹിറിന്റെ അമ്മയുടെ ഈ പോസ്റ്റ് കൈലാസ് മേനോന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്. ”ഓ മൈ ഗോഡ്! ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ഒരു സ്‌കൂളിലാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തി മിഹിറിനും കുടുംബത്തിനും നീതി ഉറപ്പാക്കണം”എന്നാണ് കൈലാസ് മേനോന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. ജനുവരി 15ന് ആയിരുന്നു കുട്ടി ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിറിന്റെ സഹപാഠികള്‍ മാതാവിന് അയച്ചു നല്‍കിയ ചാറ്റുകളിലാണ് മകന്‍ നേരിട്ട ക്രൂര പീഡനം വിവരിച്ചത്.

Read more