വണ്ടിയിലിരിക്കുമ്പോഴാണ് മമ്മൂക്കയ്ക്ക് വയ്യാതാകുന്നത്, ഒടുവിൽ ഫ്ലെെറ്റ് ക്യാൻസൽ ചെയ്തു... : ദിനേശ് പണിക്കർ

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ നമ്മള്‍ ചെയ്ത ചെറിയ കാര്യങ്ങള്‍ പോലും മമ്മൂട്ടി മറക്കില്ലെന്ന് പറയുകയാണ് ദിനേശ് പണിക്കർ. മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടായ അനുഭവം പങ്കുവെച്ച് ദിനേശ് പണിക്കര്‍ വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്

ഒരു ദിവസം നാട്ടില്‍ വന്നപ്പോള്‍ മമ്മൂക്കയെ കാണാന്‍ താന്‍  ചെന്നു. അന്ന് അദ്ദേഹത്തിനൊപ്പം ഭാര്യയുണ്ട്. ഇരുവരും ചെന്നെെയ്ക്ക് പോകാൻ നിൽക്കുകയാണ്. അന്ന് തൻ്റെ ഒപ്പമാണ് ഇരുവരും എയർപോട്ടിലെയ്ക്ക് പോന്നത്. മമ്മൂക്ക തന്റെയൊപ്പം വണ്ടിയുടെ മുമ്പില്‍ കയറി. ബാവി പുറകിലത്തെ സീറ്റില്‍ ഇരുന്നു. മമ്മൂക്ക വണ്ടികളോട് വലിയ ക്രേസ് ഉള്ളയാളാണ്. ഇടക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം വണ്ടി ഓടിക്കാറുണ്ട്. തന്റെ വണ്ടിയും ഇടക്ക് അദ്ദേഹം  ഓടിക്കാറുണ്ട്.

കാറില്‍ വെച്ച് പെട്ടന്ന് മമ്മൂക്ക അസ്വസ്ഥനാകുന്നത് താന്‍ കണ്ടു. വണ്ടി ഓടിക്കുന്നതിനൊപ്പം എന്ത് പറ്റി, പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് താന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക പറഞ്ഞു. എയര്‍പോര്‍ട്ടിലേക്ക് തന്നെ പോകാമെന്ന് താന്‍ പറഞ്ഞു. അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടറുണ്ടാവും. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് തനിക്കറിയാവുന്ന ഒരു ഡോക്ടര്‍ പ്രസാദ് ആയിരുന്നു. പ്രസാദ് മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കി. ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു.

അന്നത്തെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി. മമ്മൂക്കക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ ഒബ്‌സര്‍വേഷനില്‍ വെച്ചു. മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അത്. എന്താണെന്ന് ഇപ്പോഴും കൃത്യമായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് പ്രീസ്റ്റ് എന്ന സിനിമയില്‍ മമ്മൂക്കക്കൊപ്പം താനുമുണ്ടായിരുന്നു. അന്ന് മമ്മൂക്ക എന്നോട് ആ സംഭവത്തെ പറ്റി പറഞ്ഞു. താന്‍ അത് മറന്നിരുന്നു, എന്നാല്‍ മമ്മൂക്ക മറന്നിരുന്നില്ല. അതാണ് വലിയ നടന്മാരെ പറ്റി അഭിമാനിക്കാനുള്ള ഒരു കാര്യം. കാരണം ഇങ്ങനത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അവരുടെ മനസില്‍ ഉണ്ടാവും. നമ്മള്‍ അവരോട് കാണിക്കുന്ന ആദരവ് കണ്ടിട്ടായിരിക്കാം അന്ന് കാണിച്ച സ്‌നേഹം മമ്മൂക്ക ഇന്നും തുടരുന്നുവെന്നും ദിനേശ് കൂട്ടിച്ചേർത്തു.