പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

നടന്‍ എന്ന നിലയില്‍ പ്രണവിന് ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍. അഭിനേതാവ് എന്ന നിലയില്‍ പ്രണവ് പരിണമിക്കേണ്ടതുണ്ട്. നല്ല റോളുകള്‍ ചെയ്യണം. ഇത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല എന്നാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. പ്രണവിന്റെ പുതിയ സിനിമ തുടങ്ങുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ വ്യക്തമാക്കി.

”പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകള്‍ ലഭിക്കേണ്ടതുണ്ട്. പക്ഷേ അവന്‍ വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകള്‍ ചെയ്യേണ്ടതുണ്ട്.”

”അവനത് ചെയ്യട്ടെ. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ പ്രണവിന്റെ പുതിയ സിനിമ ആരംഭിക്കും. അവന്‍ ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം. അത് അത്ര എളുപ്പമല്ല. പ്രണവ് ഒരു നല്ല അഭിനേതാവാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ട്. അവനും അങ്ങനെ തന്നെയായിരുന്നു.”

”എന്നാല്‍ അതൊന്നും അവന്‍ മികച്ച അഭിനേതാവാണെന്ന് തെളിയിക്കുന്നതല്ല. പ്രണവ് തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ എന്റെ മകന്‍ എന്ന നിലയ്ക്കുള്ള സമ്മര്‍ദങ്ങള്‍ പ്രണവിനില്ല. ഒരുപാട് യാത്രകള്‍ ചെയ്യുന്ന ഫ്രീ ആയിട്ടുള്ള വ്യക്തിയാണ്” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

അതേസമയം, മൂന്ന് സിനിമകളില്‍ നായക വേഷത്തില്‍ എത്തിയെങ്കിലും ‘ഹൃദയം’ എന്ന ഒരു സിനിമ മാത്രമാണ് പ്രണവിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തില്‍ നടന് ഏറെ വിമര്‍ശനങ്ങളാണ് ലഭിച്ചത്. അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞെങ്കിലും ഏതാണ് സിനിമ എന്ന് വ്യക്തമാക്കിയിട്ടില്ല.

Read more