'എംപതി ഈസ് ലെസണ്‍ നമ്പര്‍ 1', ജസ്റ്റിസ് ഫോര്‍ മിഹിര്‍; ശബ്ദം ഉയര്‍ത്തി പൃഥ്വിരാജ്, ചര്‍ച്ചയാകുന്നു

ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയരുന്നു. ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടിയാണ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ടോയ്ലെറ്റ് നക്കിച്ചുവെന്നും ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് ചെയ്തുവെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്.

ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ”പാരന്റ്‌സ്, ഹോംസ്, ടീച്ചേഴ്‌സ്, സ്‌കൂള്‍സ്.. എംപതി.. ഈസ് ലെസണ്‍ നമ്പര്‍ 1” എന്നാണ് പൃഥ്വിരാജ് സ്റ്റോറിയില്‍ കുറിച്ചത്. പൃഥ്വിരാജിന്റെ സ്റ്റോറി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. ജനുവരി 15ന് ആയിരുന്നു കുട്ടി ഫ്ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മകന്‍ മാനസിക ശാരീരിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥി ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി. സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് അമ്മ പറയുന്നത്.

മിഹിറിന്റെ സഹപാഠികള്‍ മാതാവിന് അയച്ചു നല്‍കിയ ചാറ്റുകളിലാണ് മകന്‍ നേരിട്ട ക്രൂര പീഡനം വിവരിക്കുന്നത്. എന്നാല്‍ റാഗിങ്ങിനെതിരെ ഇതുവരെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ല എന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

Read more