രജനിയുടെ നര പോലും പ്രശ്നമാവുന്ന കാലത്താണ് മമ്മൂട്ടി സ്വവർഗ്ഗാനുരാഗിയായി വേഷമിടുന്നത്; പ്രശംസകളുമായി ആർ. ജെ ബാലാജി

കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ. ജെ ബാലാജി. ജയിലർ ചെയ്യുന്ന സമയത്ത് രജനികാന്തിന്റെ ലുക്ക് പോലും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് നെൽസൺ ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തിയാണ് കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് ആർ. ജെ ബാലാജി സംസാരിച്ചത്.

ഒരു വലിയ താരത്തിന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ലുക്ക് വരെ വെല്ലുവിളി ഉയർത്തുമ്പോഴാണ് കാതൽ പോലെയൊരു ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കാനും ആ സിനിമ നിർമ്മിക്കാനും മമ്മൂട്ടി ധൈര്യം കാണിച്ചത് എന്നാണ് ബാലാജി പറയുന്നത്.

“കാതല്‍ ദി കോര്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഈയിടെ ഒരു ചര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സംവിധായകര്‍ അതില്‍ ഉണ്ടായിരുന്നു.

ഒരു വലിയ താരത്തിന്‍റെ സിനിമ ചെയ്ത സമയത്ത് അദ്ദേഹത്തിന്‍റെ ലുക്കില്‍ വരുത്തിയ ഒരു മാറ്റം പോലും എത്ര വലിയ റിസ്ക് ആയാണ് എടുത്തുകാട്ടപ്പെട്ടതെന്ന് ഒരു സംവിധായകന്‍ പറഞ്ഞു. അതേ ടേബിളില്‍ ജിയോ ബേബിയും ഉണ്ടായിരുന്നു. അതേ നിരയിലുള്ള, 72 വയസുള്ള മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകന്‍. അത് മമ്മൂട്ടി സാര്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്തു.” എന്നാണ് ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിൽ ആർ. ജെ ബാലാജി പറഞ്ഞത്.