പുതിയ ദൗത്യവുമായി സേതുരാമ അയ്യര്‍; സിബിഐ 5 ദി ബ്രെയിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്റെ ടീസര്‍ റിലീസ് ചെയ്തു. ഫെയ്‌സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പങ്കുവെച്ചത്. 1.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കഥയെ കുറിച്ചുള്ള സൂചനകളൊന്നും തന്നെ നല്‍കുന്നില്ല.

ഈദ് റിലീസ് ആയി ഏപ്രില്‍ 28 നു റിലീസ് പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഡബ്ബിങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 , ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.

രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ഈ ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍, പോസ്റ്ററുകള്‍, ഇതിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എന്നിവ ശ്രദ്ധ നേടിയിരുന്നു. അഖില്‍ ജോര്‍ജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകര്‍ പ്രസാദ് ആണ്. യുവനിരയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Read more