തിയേറ്ററുകളില്‍ ആവേശം തീര്‍ത്ത് സുവര്‍ണ്ണ നേട്ടത്തിലെത്തി ഫഹദ് ഫാസിലിന്റെ ‘ആവേശം’. രംഗണ്ണനും പിള്ളേരും 13 ദിവസങ്ങള്‍ക്കുള്ളില്‍ 100 ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 11ന് ആണ് റിലീസ് ചെയ്തത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.
‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.