പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ വിളിച്ചാലും ഹാജരാകണമെന്ന് സുപ്രീംകോടതി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്ന അറിയിച്ചു.

കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കോടതിയിൽ വാദങ്ങൾ അല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

Read more

നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുൻകൂർ ജാമ്യം അനുവദിച്ചില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെയാണ് നടൻ സുപ്രീംകോടതിയെ സമീപിച്ചത്.