ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി

ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌ സാക്കറെ. ഷാൻ വധക്കേസിലെയും രൺജീത് വധക്കേസിലെയും പ്രതികളാണ് സംസ്ഥാനം വിട്ടത്. പ്രതികൾക്കുള്ള അന്വേഷണ സംഘത്തിന്റെ തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനം വിടാൻ പ്രതികൾക്ക് മറ്റിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവർ ആരുടെ സഹായത്തിലാണ് കേരളത്തിൽ നിന്ന് പുറത്തേക്ക് പോയതെന്ന് അന്വേഷിച്ചു വരികയാണെന്നും എ ഡി ജി പി വ്യക്തമാക്കി.

എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതികൾക്ക് സഹായം നൽകിയവർ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രാജേന്ദ്രപ്രസാദ്, രതീഷ് എന്നിവരാണ് കെ എസ് ഷാന്‍ വധത്തില്‍ ഇതുവരെ അറസ്റ്റിലായത്. ഈ ഏഴ് പ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടുപേരുണ്ട്. ഒരാളെപോലും ഇതുവരെ പിടികൂടാനായിട്ടില്ല.

രൺജീത് വധക്കേസിൽ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ചും പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് കൂടുതൽ ഇപ്പോൾ പുറത്തുവിടൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ട്. തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുള്ളൂ .

എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ പൊലീസ് ആക്രമിക്കുന്നുവെന്ന പരാതി തെറ്റാണെന്നും പ്രതികളെ പിടികൂടാനുള്ള തെരച്ചിൽ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.