തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ചാവക്കാട് തീരമേഖലയില്‍ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ മൂന്നരയോടെ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി മരങ്ങള്‍ കടപുഴകി വീണു. തേക്ക് മരം ദേശീയപാതയിലേക്കു വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നിരവധി വീടുകള്‍ക്കും കേടുപാടുപറ്റി.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് നാല് പേര്‍ മരിച്ചു. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കാറ്റ് പ്രവചനാതീതമാണ്. ഉള്‍മേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 14 ഡാമുകള്‍ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. 23 ക്യാമ്പുകള്‍ തുറന്നു. നിലവില്‍ നാല് എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളിഞ്ഞിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ നാല് ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read more

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.