കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി

അടിമാലിയില്‍ കഞ്ചാവ് ലഹരിയില്‍ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്ക്. ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞികണ്ണന്‍ – 23), പതിനാലാം മൈല്‍ സ്വദേശി ആല്‍ബിന്‍ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗന്‍ (21), മുരുഗന്‍, ഷിയാസ്, ജസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുധീഷിന്റെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം നടന്നത്. അടിമാലി ടൗണില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം ചാറ്റുപാറയില്‍ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും ജാതി പേരുള്‍പ്പടെ പറഞ്ഞു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ സംഘര്‍ഷത്തിലേക്ക് പോവുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ സംഘത്തിലുള്ള ഷിയാസ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി സുധീഷിന് നേരെ എറിഞ്ഞു തീ കൊളുത്തുകയായിരുന്നു.

Read more

ആക്രമണത്തില്‍ സുധീഷിനു അറുപതു ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആല്‍ബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.