ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലക്കേസില്‍ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയ്ക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖിലിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് വിളിക്കുമ്പോള്‍ നിരന്തരം നിഖില്‍ പൈലി കോടതിയില്‍ ഹാജരാകാതിരുന്നു. കൂടാതെ കുറ്റപത്രം വായിക്കുമ്പോഴും ഇയാള്‍ കോടതിയില്‍ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കാനാണ് കോടതി പൊലീസിന് നല്‍കിയ നിര്‍ദ്ദേശം.
കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി കേസ് ഒക്ടോബര്‍ നാലിന് മാറ്റി. ധീരജ് കൊലക്കേസിലെ ഒന്നാംപ്രതി പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനിറങ്ങിയത് ഡിവൈഎഫ്‌ഐ മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിഖില്‍ പൈലിയെ യുഡിഎഫ് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതിയായ പിണറായി വിജയന് ജെയ്ക്ക് സി തോമസിനായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെങ്കില്‍ തനിക്കും പ്രചരണത്തില്‍ പങ്കെടുക്കാമെന്നായിരുന്നു നിഖില്‍ പൈലി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. കൊലക്കേസില്‍ പ്രതിയായ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ വൈസ് ചെയര്‍മാനായി നിഖില്‍ പൈലി നിയമിതനായത്.
Read more
ധീരജ് കൊലക്കേസില്‍ നിഖില്‍ പൈലി ഉള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റ് കൊല്ലപ്പെട്ടത്.