ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും, വീഡിയോയില്‍ പകര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കിയട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അനുപമയാണ് ആ കുഞ്ഞിന്റെ അമ്മയെങ്കില്‍, എത്രയും വേഗം കുഞ്ഞിനെ അവര്‍ക്ക് തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കുക എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്ന വാര്‍ത്ത തെറ്റാണ് എന്ന് മന്ത്രി പറഞ്ഞു. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും, അടുത്ത വര്‍ഷം ഡിസംബര്‍ വരെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് സമിതിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
Read more
ഇതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചട്ടുണ്ട്. വനിതാ ശിശുവകുപ്പ് ഉദ്യോഗസ്ഥര്‍ പാളയത്തെ നിര്‍മ്മല ശിശുഭവനില്‍ എത്തിയാണ് കുഞ്ഞില്‍ നിന്നും ഡി.എന്‍.എ സാമ്പിളെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു നടപടി ക്രമങ്ങള്‍. അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ഉച്ചയ്ക്ക് 2 മണിയോടെ എടുക്കും. ഡിഎന്‍എ ഫലം മൂന്ന് ദിവസത്തിനകം വരും.