'കിഫ്​ബി എന്താണെന്ന് അറിയാത്ത കോമാളികളാണ്​ ഇ.ഡിയിലുള്ളത്​, ഒരു ചുക്കും ചെയ്യാനാകില്ല'; ഏറ്റുമുട്ടാനാണെങ്കിൽ നേരിടുമെന്ന് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്​ബി എന്താണെന്നറിയാത്ത കോമാളികളാണ്​ ഇ.ഡിയിലുള്ളത്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

കിഫ്​ബി എന്താണെന്നറിയാത്ത കോമാളികളാണ്​ ഇ.ഡിയിലുള്ളതെന്ന്​ തോമസ്​ ഐസക്​ പറഞ്ഞു. നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്​ഥർ വിഡ്ഡിത്തങ്ങൾ എഴുന്നള്ളിക്കുകയാണ്​. കീഴിലുള്ള ഉദ്യേഗസ്​ഥരെ രാഷ്​ട്രീയമായി ഉപയോഗിക്കുകയാണ്​ കേന്ദ്ര ധനമന്ത്രി. അവരുടെ നിർദേശമനുസരിച്ച്​ കേരളത്തിനെതിരെ നടപടിയെടുക്കുകയാണ്​ അന്വേഷണ ഉദ്യോഗസ്​ഥരെന്നും ഐസക്​ പറഞ്ഞു.

കേരളത്തിലെ വികസനത്തെ തകർക്കുകയാണ്​ കിഫ്ബിക്കെതിരായ നീക്കത്തിന്​ പിറകിൽ. കേരളത്തെ തകർക്കാനാണ്​ നീക്കമെങ്കിൽ നേരിടും. വടക്കേ ഇന്ത്യയിലെ കോൺഗ്രസ്​ നേതാക്കളല്ല കേരളത്തിലുള്ളതെന്നും കേന്ദ്രം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്​ഥാനത്തിന്‍റെ ഉദ്യോഗസ്​ഥരെ അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തുകയാണ്​. സംസ്​ഥാനത്തിന്‍റെ ഉദ്യോഗസ്​ഥർ മന്ത്രിസഭയുടെ നിർദേശമനുസരിച്ചാണ്​ പ്രവർത്തിക്കുന്നത്​. അവരുടെ പ്രവർത്തിക്ക്​ ഉത്തരവാദിത്വം ഏൽക്കാൻ ഇവിടെ ആളുണ്ടെന്നും തോമസ്​ ഐസക്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അ​ന്വേഷണ ഏജൻസികളെ തുടലഴിച്ചുവിടുന്നവരുടെ ഭീഷണിക്ക്​ വഴങ്ങില്ലെന്നും കേരളത്തിൽ ഭരണത്തിലുള്ളത്​ ഇടതുപക്ഷമാണെന്ന്​ കേന്ദ്രം ഒാർക്കണമെന്നും തോമസ്​ ഐസക്​ പറഞ്ഞു.

Read more

കേസെടുത്തതിനെ തുടര്‍ന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുമുണ്ട്.