കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിൽ നാലാഴ്ചയ്ക്കുള്ളിൽ ഇഡി കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ.
കവർച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്. കള്ളപ്പണ കവർച്ചാ കേസിൽ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പണത്തിന്റെ ഉറവിടം സംബന്ധിച്ച റിപ്പോർട്ട് ഇഡിക്ക് കൈമാറിയിരുന്നു. പണത്തിൻറെ ഉറവിടം കർണാടകയിലെ ബിജെപിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സംഘം ഇഡിക്ക് കൈമാറിയിരുന്നു. എന്നാൽ ഇഡി ഇതിലേക്ക് അന്വേഷണം കൊണ്ടുപോയില്ല.
കവർച്ചയ്ക്ക് ശേഷം ഈ പണം ആരിലേക്കെത്തി എന്ന അന്വേഷണം മാത്രമാണ് ഇഡി നടത്തിയത്. കേസിൽ നാലാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ഇഡി ഒരുങ്ങുമ്പോഴും അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയില്ലെന്നാണ് ഉയർന്നുവരുന്ന വിമർശനം. 2021 ഏപ്രിൽ 3 ന് തൃശൂരിലെ കൊടകരയിൽ നടന്ന ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ കടത്തുന്ന കാറിനെ പിന്തുടർന്ന ഒരു സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാർ തടഞ്ഞുനിർത്തി പണം കൊള്ളയടിക്കുകയായിരുന്നു. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.