ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടത് ദുബായില്‍; മാര്‍ട്ടിന്‍ ഡൊമിനിക്കിന്റെ വേരുകള്‍ തേടി എന്‍ഐഎ ഗള്‍ഫ് നാടുകളിലേക്ക്; ഫോണും കോളുകളും വിശദമായി പരിശോധിക്കും

കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ഡൊമിനികിന്റെ ദുബായ് ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം ദുബായിലേക്ക് തിരിക്കും.

സ്ഫോടനം ആസൂത്രണം ചെയ്തതു ദുബായില്‍വച്ചാണെന്നു പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്‍െ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാണ് സംഘം ദുബായിലേക്ക് പോകുക. ദുബായില്‍ മാര്‍ട്ടിന്‍ ജോലിചെയ്തിരുന്ന സ്ഥലത്തടക്കം അന്വേഷണം നടത്തും.

ദുബായില്‍നിന്നാണു മാര്‍ട്ടിന്‍ ബോംബ് നിര്‍മാണം പഠിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ദുബായിയില്‍ മാര്‍ട്ടിന്റെ പരിചയക്കാരില്‍നിന്നു പോലീസ് അന്വേഷണസംഘം പ്രാഥമികമായി ശേഖരിച്ച വിവരങ്ങളും എന്‍ഐഎ. പരിശോധിച്ചു.

ദുബായിലെ സുഹൃത്തുകളുടെ പ്രതികരണവും വന്നിട്ടുണ്ട്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാള്‍ ഒരു സ്ഫോടനം നടത്തുമെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണു ഗള്‍ഫിലെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്ലാറ്റിന്റെ ടെറസില്‍വെച്ചാണ് ബോംബുണ്ടാക്കിയതെന്നാണ് മാര്‍ട്ടിന്റെ മൊഴി. ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മിക്കാന്‍ കഴിയുമോയെന്ന സംശയം എന്‍ഐഎക്കുണ്ട്.

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കയക്കുന്നുണ്ട്. സ്ഫോടനം ആസൂത്രണംചെയ്തതുമുതലുള്ള എല്ലാ വിവരങ്ങളും ഫോണിലുണ്ടെന്ന് മൊഴിനല്‍കിയിരുന്നു. സ്ഫോടകവസ്തു കളമശ്ശേരി ഹാളില്‍ ഘടിപ്പിച്ചതുമുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിരുന്നു.

മാര്‍ട്ടിന് ദുബായ് സിലിക്കണ്‍ ഒയാസിസിലെ കമ്പനിയിലായിരുന്നു ജോലി. രണ്ടുമാസം മുമ്പായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍ കേരളത്തിലേക്കു വന്നത്. മകള്‍ക്കു സുഖമില്ലെന്നുപറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി നീട്ടി വാങ്ങി. ഈ മാസം 30 നു മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നത്. ഇതിലെ ദുരൂഹത കൂടി പരിശോധിക്കാനാണ് എന്‍ഐഎ സംഘം ദുബായിലേക്ക് തിരിക്കുന്നത്.