കെ.കെ ശൈലജ പരാതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു, നന്ദകുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം: ദീപ പി മോഹനന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സന്ദര്‍ശിക്കാത്തതില്‍ നിരാശയുണ്ടെന്ന് എം.ജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിനെതിരെ നിരാഹാര സമരം തുടരുന്ന ഗവേഷക ദീപ പി മോഹനന്‍. കോട്ടയത്ത് വന്നിട്ടും ഗവര്‍ണര്‍ സമരപന്തല്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ നന്ദകുമാറിനെ വിശ്വസിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കാൻ ഗവർണർ പറയുന്നത് ശരിയല്ല എന്നും നാനോ സയന്‍സ് മേധാവി നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും ദീപ കുറ്റപ്പെടുത്തി.

കെ.കെ ശൈലജ പരാതിയില്‍ നിന്ന് പിന്മാറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്ന് ദീപ പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് കെ.കെ ശൈലജ പറഞ്ഞു. ദീപ എന്താ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമൊന്നും ഇല്ലാത്തതെന്ന് ചോദിച്ചു. കെ.കെ ശൈലജ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പി മോഹനന്‍ പറഞ്ഞു. മന്ത്രി വി.എന്‍ വാസവന്‍ നന്ദകുമാറിനായി ഇടപെട്ട് മുന്‍ വി.സിയെ വിളിച്ചുവെന്നും ഗവേഷക ആരോപിച്ചു.

അതേസമയം ഗവേഷകയുടെ പരാതിയിൽ സർവകലാശാല അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രതികരിച്ചത്. ഗവേഷക നിർബന്ധബുദ്ധി കാണിക്കരുത്. വിട്ടുവീഴ്ചക്ക് തയ്യാറാകണം. സർവകലാശാലകൾ കുടുംബാന്തരീക്ഷത്തിൽ പ്രവർത്തിക്കണം. തനിക്ക് ഈ പ്രശ്നത്തെ കുറിച്ച് വ്യക്തമായ അറിവില്ല. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read more

സി.പി.എം ഫാസിസം നിമിത്തം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ആണെന്ന് ദീപ രാവിലെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. എസ്.സി എസ്.ടി കേസ് അട്ടിമിറിച്ചതും നന്ദകുമാറിനെ സംരക്ഷിക്കുന്നതും സിപിഎം ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇതിന് കൂട്ടുനില്‍ക്കുകയാണ്. പാർട്ടിയുടെ സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് കൂടുതലൊന്നും ഇനി പ്രതീക്ഷിക്കാനില്ലെന്നും ദീപ പറഞ്ഞു. എന്നാല്‍ വിവാദമാകുമെന്ന് കണ്ടതോടെ അരമണിക്കൂറിന് ശേഷം ദീപ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.