ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത; മൂന്ന് ദിവസം വ്യാപക മഴ ഉണ്ടായേക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം നവംബര്‍ ഒന്‍പതാം തിയതിയോടെ ഒരു ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി നവംബര്‍ 4 മുതല്‍ നവംബര്‍ 6 വരെയുള്ള തിയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാദ്ധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി / മിന്നല്‍ / മഴക്കും സാദ്ധ്യതയുണ്ട് തെക്കന്‍ കേരളത്തില്‍ നവംബര്‍ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

08-11-2022: തെക്ക്-പടിഞ്ഞാറന്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.