വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദർഷിപ്പ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി വരവേറ്റു. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരുന്നത്. അതേസമയം ട്രയൽ റൺ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.
ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പു വയ്ക്കുന്നത് 2015 ആഗസ്റ്റ് 17 നാണ്. ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി.
വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും.