മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയ സമയം ഔദ്യോഗിക ഫയലിൽ മറ്റാരോ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിനെതിരെ എഴുത്തുകാരനും മുന്‍ ലോക്‌സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. എവിടെയിരുന്നാണെങ്കിലും ഏതു കടലാസിലും ഡിജിറ്റലായും ഫിസിക്കലായും ഒപ്പിടാവുന്ന സാങ്കേതിക വിദ്യയുടെ കാലമാണിതെന്ന് വാര്യർക്ക് അറിയില്ലെയെന്ന് സെബാസ്റ്റ്യന്‍ പോള്‍. ഉടമസ്ഥൻ നിരാകരിക്കുമ്പോഴാണ് ഒപ്പ് വ്യാജമാകുന്നത്., ഏൽക്കാൻ ആളുണ്ടെങ്കിൽ ഒപ്പ് സനാഥമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്സ്ബുക്കില് പങ്കു വെച്ച കുറിപ്പില് പറയുന്നു.
കുറിപ്പിൻറെ പൂർണരൂപം,
ഉടമസ്ഥൻ നിരാകരിക്കുമ്പോഴാണ് ഒപ്പ് വ്യാജമാകുന്നത്., ഏൽക്കാൻ ആളുണ്ടെങ്കിൽ ഒപ്പ് സനാഥമാണ്. പ്രണബ് കുമാർ മുഖർജി രാഷ്ട്രപതിസ്ഥാനത്തേക്ക് നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ ഒരു അയോഗ്യത ഉണ്ടായിരുന്നു. പ്രതിഫലമുള്ള സർക്കാർ പദവി വഹിക്കുന്നു എന്നതായിരുന്നു അയോഗ്യത. പ്രശ്നം അറിഞ്ഞയുടൻ മുഖർജിയുടെ ഒപ്പോടെ കൊൽക്കത്തയിൽ രാജി സമർപ്പിക്കപ്പെട്ടു. ഡൽഹിയിലുള്ള മുഖർജിയുടെ രാജി കൊൽക്കൊത്തയിൽ എത്തിക്കാൻ സമയമില്ലായിരുന്നു.ആ ഒപ്പ് മുഖർജിയുടേതല്ലെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും ബോദ്ധ്യമാകുന്നതായിരുന്നു, പക്ഷേ മുഖർജിയുടെ വാക്കിൽ ഒപ്പ് അദ്ദേഹത്തിന്റേതായി സ്വീകരിക്കപ്പെട്ടു . അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാമനിർദേശപത്രിക തള്ളുമായിരുന്നു. അത്രയും പോയിട്ട് ഒട്ടുമേ ഗൗരവമില്ലാത്ത ഒരു കടലാസാണ് പിണറായി വിജയൻറെ വ്യാജ ഒപ്പിന് തെളിവായി സന്ദീപ് വാര്യർ പ്രദർശിപ്പിച്ചത്. അത് താനിട്ടതു തന്നെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ ആ പടക്കം പൊട്ടില്ല. എവിടെയുമിരുന്ന് ഏതു കടലാസിലും ഡിജിറ്റലായും ഫിസിക്കലായും ഒപ്പിടാവുന്ന സാങ്കേതികവിദ്യയുടെ കാലമാണിതെന്ന് വാര്യർക്ക് അറിയില്ലെന്നുണ്ടോ?