കാർഷിക നിയമ ഭേദഗതി തള്ളിക്കളയാൻ പ്രത്യേക നിയമസഭാ സമ്മളനം ഇന്ന്

കേന്ദ്ര കാർഷിക നിയമ ഭേദഗതി തള്ളിക്കളയാനായി സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒൻപത് മുതലാണ് സമ്മേളനം. നിയമ ഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും. കക്ഷിനേതാക്കൾക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം. യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കും.

കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന നിയമം പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെടും. ഒരാഴ്ചക്കാലത്തെ എതിർപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് സഭ സമ്മേളിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നൽകിയത്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചതിനാലാണ് അനുമതി നല്‍കുന്നതെന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ 23- ന് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ. കെ ബാലന്‍, വി. എസ് സുനില്‍കുമാര്‍ എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കേണ്ടതിന്‍റെ അടിയന്തര പ്രധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. അതിന് ശേഷമാണ് ഗവര്‍ണറുടെ അനുമതി ലഭിച്ചത്.

Read more

അതേസമയം,  കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് നാളത്തേത്. എന്നാൽ കേരള കോൺഗ്രസിലെ തർക്കത്തിൽ സ്പീക്കറുടെ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിൽ മാണി വിഭാഗം എംഎൽഎമാരായ റോഷി അഗസ്റ്റിൻറേയും പ്രൊഫസർ ജയരാജിൻറെയും ഇരിപ്പിടം പ്രതിപക്ഷ നിരയിൽ തന്നെയായിരിക്കും.