ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്നതിൽ ഇന്ന് വ്യക്തത വരും. സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. കേസിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. സതീശന്റെ മൊഴിയില്‍ ഗൗരവമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പുനഃരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
ഇന്നലെ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടെങ്കിലും ഇന്ന് ഇക്കാര്യത്തില്‍ ചില നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമോ അതേ കേസ് വീണ്ടും പുനരന്വേഷിക്കുകയാണോ വേണ്ടത് എന്നത് സംബന്ധിച്ചാണ് തീരുമാനമെടുക്കേണ്ടത്.
Read more
അതിനിടെ, തിരൂര്‍ സതീശുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. തീരൂര്‍ സതീശ് ശോഭാ സുരേന്ദ്രന്റെ മുന്‍ ഡ്രൈവറാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആരോപണം പ്രതിരോധിക്കാന്‍ ബിജെപിയും ശ്രമങ്ങള്‍ തുടരുകയാണ്. വിഷയത്തില്‍ മറുപടിയുമായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.