പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപിയ്ക്ക് പരാമര്‍ശമില്ല; പിണറായിയെ കടന്നാക്രമിച്ച് മോദി

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ 41 മിനുട്ട് നീണ്ട പ്രസംഗത്തിലൊരിടത്തും സുരേഷ് ഗോപിയെ കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്‌ഗോപി സജീവമായി ഉണ്ടായിരുന്നെങ്കിലും വരുന്ന ലോക്‌സഭ ഇലക്ഷനിലെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഒന്നും തന്നെ പ്രധാനമന്ത്രി പ്രതിപാദിച്ചില്ല.

പ്രധാനമന്ത്രി തൃശൂരിലേക്ക് എത്തുന്നതിന് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകള്‍ തൃശൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തയ്യാറായിരുന്നു. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ താമര അടയാളത്തില്‍ വിജയിപ്പിക്കണമെന്നായിരുന്നു ചുവരെഴുത്തുകള്‍.

ലോക്‌സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ തൃശൂരിലെ നീക്കങ്ങളും സജീവമാണ്. നേരത്തെ തന്നെ കരുവന്നൂര്‍ പദയാത്രയുള്‍പ്പെടെയുള്ള പരിപാടികളുമായി സുരേഷ്‌ഗോപി തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രസംഗത്തിന് ശേഷം മോദി വിവിധ സാമുദായിക നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ധീവരസഭ, എന്‍എന്‍എസ് നേതാക്കളുമായാണ് കൂടിക്കാഴ്ച നടന്നത്.

മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തില്‍ നിരവധി തവണ അമ്മമാരെ സഹോദരിമാരേ തുടങ്ങിയ വാക്കുകള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതേ സമയം പ്രധാനമന്ത്രി പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രം നല്‍കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാന്‍ പാടില്ലെന്നാണ് നയമെന്നും കണക്ക് ചോദിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ക്കടക്കം തടസം നില്‍ക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മോദി പറഞ്ഞു. തൃശൂര്‍ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more

ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഏറെ വിഷമമുണ്ടാക്കിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.