തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനോട് ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് മൊഴി. യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞെന്ന് റിപ്പോർട്ട്.
അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബായിലുള്ള വഞ്ചനാകേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. വഞ്ചനാകേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്ന മൊഴി നല്‍കി.
അഞ്ചര മണിക്കൂറാണ് ഇന്നലെ കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സംസ്ഥാന ബി.ജെ.പി നേതാക്കളില്‍ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണ സംഘത്തോട് അനില്‍ നമ്പ്യാര്‍ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചനയുണ്ട്. അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.
Read more
സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.