പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

രാജ്യത്ത് കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. പനി,തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, ക്ഷീണം, വയറിളക്കം, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ എല്ലാം പരിശോധിക്കണമെന്നും ഫലം നെഗറ്റീവ് ആണെന്ന് അറിയുന്നത് വരെ ഇവരെ കോവിഡ് രോഗികളായി തന്നെ പരിഗണിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധനകളുടെ ഫലം ലഭിക്കാന്‍ വൈകും. അതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണം എന്നും കത്തില്‍ പറയുന്നു.

കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവര്‍ക്ക് സമ്പര്‍ക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈന്‍ ചെയ്യുക മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗം എന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. പരിശോധനകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കണമെന്നും കൂടുതല്‍ റാപ്പിഡ് പരിശോധന ബൂത്തുകള്‍ സ്ഥാപിക്കണം, മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ട്.

Read more

ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതേ സമയം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കുതിച്ചുചാട്ടത്തെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.