ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഓരോ “സാധാരണ താമസക്കാരന്റെയും” സമഗ്രമായ തിരിച്ചറിയൽ വിവര ശേഖരം (ഡാറ്റാബേസ്) സൃഷ്ടിക്കുകയാണ് എൻപിആറിന്റെ ലക്ഷ്യമെന്ന് സെൻസസ് കമ്മീഷൻ അറിയിച്ചു. എൻപിആറിനും സെൻസസിനുമായി കേന്ദ്ര സർക്കാർ 13,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. സെൻസസിന് 8,754 കോടി രൂപയും എൻപിആറിന് 3941 കോടി രൂപയും അനുവദിച്ചു.
എൻപിആറിൽ ചേർക്കുന്ന “സാധാരണ താമസക്കാരൻ” എന്നത് ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതിൽ കൂടുതലോ താമസിച്ച വ്യക്തിയാണ്, അല്ലെങ്കിൽ അടുത്ത ആറുമാസമോ അതിൽ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ ഓരോ “സാധാരണ താമസക്കാരും” എൻപിആറിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്.
“എൻ.പി.ആറിന് നീണ്ട ഫോം ഉണ്ടായിരിക്കില്ല. ആളുകൾക്ക് അവരുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാകും. ഇത് സ്വയം പ്രഖ്യാപനമാണ്. ഒരു രേഖയും ആവശ്യമില്ല. തെളിവ് ആവശ്യമില്ല. ബയോമെട്രിക് ആവശ്യമില്ല. ഇത് ഇതിനകം എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറക്കിയിട്ടുണ്ട്, ”പ്രകാശ് ജാവദേക്കർ പറഞ്ഞു.
സെൻസസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എൻപിആർ ദേശീയ പൗരന്മാരുടെ രജിസ്റ്റർ (എൻആർസി) നടപ്പിലാക്കുന്നതിനുള്ള രാജ്യവ്യാപക പ്രക്രിയയുടെ ആദ്യപടിയായിട്ടാണ് കാണപ്പെടുന്നത്. എൻപിആർ പ്രക്രിയ 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കും, അസമിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള ദേശീയ പൗരത്വ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
എൻപിആറിനായുള്ള ഡാറ്റ ആദ്യമായി ശേഖരിച്ചത് 2010 ൽ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരിന്റെ രണ്ടാം കാലയളവിലാണ്, 2011 ലെ സെൻസസിലെ വീടുകളുടെ പട്ടികപ്പെടുത്തലും ഇതോടൊപ്പം ചെയ്തിരുന്നു.
വീടുതോറുമുള്ള സർവേകൾ ഉപയോഗിച്ച് എൻപിആർ ഡാറ്റ ആദ്യമായി 2015 ൽ പുതുക്കി; പുതുക്കിയ ഡാറ്റയുടെ ഡിജിറ്റൈസേഷൻ ഇപ്പോൾ പൂർത്തിയായതായി, അധികൃതർ പറഞ്ഞു.
അടുത്ത ഘട്ടത്തിൽ, 2020 ൽ സെൻസസ് 2021 ന്റെ വീട് പട്ടികപ്പെടുത്തൽ ഘട്ടത്തിനൊപ്പം എൻപിആർ പുതുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ബംഗാളും കേരളവും എൻപിആർ പ്രക്രിയ നിർത്തിവച്ചു.
“2019 ലെ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ച ശേഷം എൻആർസി തയ്യാറാക്കാൻ സഹായിക്കുന്നതിന് എൻപിആർ പുതുക്കാനുള്ള പ്രക്രിയയുമായി സഹകരിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു,” കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.
Read more
ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനും പുതുക്കുന്നതിനുമുള്ള എല്ലാ പ്രവർത്തനങ്ങളും പശ്ചിമ ബംഗാളിൽ നിർത്തിവച്ചെന്നും പശ്ചിമ ബംഗാൾ സർക്കാരിന്റെ അനുമതിയില്ലാതെ എൻആർപിയെ സംബന്ധിച്ച ഒരു പ്രവർത്തനവും ഏറ്റെടുക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.