ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തന രംഗത്ത് സജീവമായ കെ.വി. റാബിയയെ തേടി പത്മശ്രീ ആദരം. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് വെള്ളിലക്കാട് സ്വദേശിനിയായ കറിവേപ്പില്‍ റാബിയ എന്ന 56 വയസ്സുകാരി ജീവിതത്തില്‍ പൊരുതി വിജയിച്ചയാളാണ്. പോളിയോ ബാധിച്ച് 14 വയസ്സ് മുതല്‍ വീല്‍ചെയറില്‍ ഒതുങ്ങിയെങ്കിലും നൂറുകണക്കിന് നിരക്ഷരര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്‍കി ആഗോള പ്രശസ്തി കൈവരിച്ചിട്ടുള്ള റാബിയക്ക് അവിശ്വസനീയമാണ് ഈ ബഹുമതി.
ശാരീരിക അവശതകള്‍ക്കിടയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് റാബിയ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. പരേതനായ മൂസക്കുട്ടി ഹാജിയുടെയും ബിയച്ചൂട്ടി ഹജുമ്മയുടെയും മകളാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ പോളിയോ ബാധിച്ച് കാലുകള്‍ പൂര്‍ണമായി തളര്‍ന്നു. പ്രീഡിഗ്രി പഠനത്തോടെ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയായെങ്കിലും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. വായനയിലൂടെ നേടിയ അറിവാണ് റാബിയയ്ക്ക് കരുത്ത് പകര്‍ന്നത്.
1990 ല്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റാബിയ സ്വന്തമായി സാക്ഷരതാ പദ്ധതി ആരംഭിച്ചിരുന്നു. ചലനം എന്ന സ്ഥാപനം വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി തുടങ്ങി. ശാരീരിക വൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുമായി ആറ് സ്‌കൂളുകള്‍ നടത്തുകയും, സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും വേണ്ടി തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തു. റാബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരത പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചട്ടുണ്ട്.
Read more
ഇതിന് പുറമേ 1993ല്‍ ദേശീയ പുരസ്‌കാരം, സംസ്ഥാന സര്‍ക്കാറിന്റെ വനിതാ രത്നം അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ്, യൂനിയന്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, നാഷനല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, ഐ.എം.എ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി അവാര്‍ഡ് എന്നിങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചട്ടുണ്ട്. 2009 ലാണ് റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ പ്രസിദ്ധീകരിച്ചത്.