റെക്കോഡിംഗ് സ്റ്റുഡിയോയിലെ പിയാനോയും തബലയും ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങള്‍ തകർത്ത് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള സ്റ്റേറ്റ് റെക്കോഡിംഗ് സ്റ്റുഡിയോയിലെ രണ്ട് വലിയ പിയാനോകളും മറ്റ് സംഗീത ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. യുകെയിലെ ദി സൺ പത്രത്തിന്റെ റിപ്പോർട്ടർ ജെറോം സ്റ്റാർക്കി തകർന്ന ഉപകരണങ്ങളുടെ ചിത്രങ്ങൾ ഞായറാഴ്ച ട്വിറ്ററിൽ പങ്കുവെച്ചു.

സ്റ്റുഡിയോയിൽ കാവൽ നിന്നിരുന്ന താലിബാൻ ഭീകരരോട് ഉപകരണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ല എന്നാണ് അവർ പറഞ്ഞതെന്ന് ജെറോം സ്റ്റാർക്കി റിപ്പോർട്ട് ചെയ്തു.

താലിബാൻ 1996 നും 2001 നും ഇടയിൽ അഫ്ഗാനിസ്ഥാൻ ഭരിച്ചപ്പോൾ അവർ രാജ്യത്ത് നടപ്പാക്കിയ കടുത്തതും പ്രതിലോമകരവുമായ നയങ്ങളിലേക്ക് തിരിച്ചുവരുമെന്ന ആശങ്കകൾക്കിടയിലാണ് ഈ സംഭവം. അക്കാലത്ത് സംഗീതം നിരോധിക്കുകയും സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് അവർ നിരവധി പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തിരുന്നു.

ശരിയത്തിന്റെയും അഫ്ഗാനിസ്ഥാന്റെ ഇസ്ലാമിക, സാംസ്കാരിക ആചാരങ്ങളുടെയും പരിധിക്കുള്ളിൽ സാംസ്കാരിക പ്രവർത്തനങ്ങൾ അനുവദിക്കുമെന്നാണ് താലിബാൻ നിലവിൽ പറയുന്നത്. ഓഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം, രാജ്യത്തെ സംഗീതത്തിന് അവരുടെ ഭരണത്തിൽ നല്ല ഭാവി ഉണ്ടാകില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഓഗസ്റ്റ് അവസാനത്തോടെ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ സംഗീതവും സ്ത്രീശബ്ദങ്ങളും താലിബാൻ നിരോധിച്ചു. സെപ്റ്റംബർ 4 ന്, സായുധരായ താലിബാൻ ഗാർഡ് അഫ്ഗാനിസ്ഥാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അടച്ചു. കൂടുതൽ ഭീകരമായ ഒരു സംഭവത്തിൽ, അഫ്ഗാനിസ്ഥാൻ നാടോടി ഗായകൻ ഫവാദ് അന്ധ്രാബിയെ ഓഗസ്റ്റ് അവസാന വാരത്തിൽ താലിബാൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി.

Read more

“സംഗീതം ഇസ്ലാമിൽ നിരോധിച്ചിരിക്കുന്നു. എന്നാൽ ആളുകളെ സമ്മർദ്ദം ചെലുത്തുന്നതിനു പകരം അത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് നമുക്ക് അവരെ ബോധവാന്മാരാക്കാം.” ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.