BGT 2024: അവന്മാർ കളിക്കുന്നത് ഇന്ത്യൻ ജേഴ്സിയിൽ, പക്ഷെ കളിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി; താരങ്ങൾക്ക് നേരെ ട്രോള് മഴ

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ മോശമായ പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ താരത്തിന് കൂട്ടായി വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഒപ്പം കൂടിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും, ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും ടീമിൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല.

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ രോഹിതിന്റെ ബാറ്റിൽ നിന്ന് പിറന്നത് അഞ്ച് പന്തിൽ വെറും മൂന്നു റൺസ് മാത്രമാണ്. കൂടാതെ റിഷഭ് പന്ത് നേടിയതാകട്ടെ 37 പന്തിൽ നിന്ന് 28 റൺസും. നിർണായക ഘട്ടത്തിൽ അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞാണ് പന്ത് പുറത്തായത്. കമന്ററിയിൽ സുനിൽ ഗവാസ്കർ സ്റ്റുപ്പിഡ് എന്ന് മൂന്ന് വട്ടമാണ് റിഷഭ് പന്തിനെ വിളിച്ചത്.

ഇതോടെ ഇന്ത്യൻ ടീമിൽ താരങ്ങളുടെ സ്ഥാനം തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. റിഷഭ് പന്തിന് പകരം യുവ താരം ദ്രുവ് ജുറലിന് അവസരം നൽകണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ രോഹിത് ശർമ്മയ്ക്ക് പകരം ക്യാപ്റ്റൻ സ്ഥാനം നൽകാനുള്ള ഒരു താരവും നിലവിൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇല്ല. ജസ്പ്രീത് ബുംറയെ സ്ഥിരമായ ക്യാപ്റ്റൻ ആക്കാനുള്ള സാധ്യത വളരെ കുറവാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ നിലവിലുള്ള ടെസ്റ്റ് മത്സരവും, സിഡ്‌നിയിലെ അവസാനത്തെ ടെസ്റ്റ് മത്സരവും ഇന്ത്യക്ക് വിജയിക്കണം. എന്നാൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായാൽ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും പോകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.