CHAMPIONS TROPHY 2025: കോഹ്‌ലിയെ ലോണിൽ തങ്ങളുടെ ടീമിൽ കിട്ടണം എന്ന് അവർ ആഗ്രഹിച്ചു, അമ്മാതിരി പണിയല്ലേ അവൻ കൊടുത്തത്: ആകാശ് ചോപ്ര

ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് രോഹിത് ശർമ്മയും സംഘവും ഇന്നലെ ഇന്ത്യൻ ആരാധകർക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

കോഹ്‌ലി 111 ബോളിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫോമിൽ ഉള്ള ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി. താരം 67 ബോളിൽ 1 സിക്‌സിന്റെയും 5 ഫോറിന്റെയും 56 അകമ്പടിയിൽ റൺസെടുത്തു. രോഹിത് ശർമ്മ 15 ബോളിൽ 20, ശുഭ്മാൻ ഗിൽ 52 ബോളിൽ 46, ഹാർദ്ദിക് പാണ്ഡ്യ 6 ബോളിൽ 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. എന്തായാലും സെമിഫൈനൽ ഉറപ്പിച്ച ഇന്ത്യ അടുത്ത മത്സരത്തിൽ കൂടി ജയിച്ച് ഗ്രുപ്പ് ചാമ്പ്യന്മാരായി അത് ചെയ്യാൻ ആഗ്രഹിക്കുന്നു. കോഹ്‌ലിയുടെ ഫോമിലേക്കുള്ള വരവ് തന്നെ ആയിരുന്നു ഇന്നലത്തെ മത്സരത്തിന്റെ ആവേശ ഘടകം. പാകിസ്ഥാനെതിരെ എപ്പോൾ കളിച്ചാലും ഫോം കാണിക്കുന്ന പതിവ് താരം ഇന്നലെയും തുടർന്നു.

ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങി പാകിസ്ഥാന്റെ തീയുണ്ട ബോളിങ് സഖ്യത്തിനെതിരെ അദ്ദേഹം ആധിപത്യം പുലർത്തി. ഐസിസി ടൂർണമെൻ്റുകളിൽ പാകിസ്ഥാനെതിരെ അഞ്ചാം തവണയും വെറ്ററൻ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കോഹ്‌ലിയുടെ ബാറ്റിംഗിൽ സംതൃപ്തനായ ആകാശ് ചോപ്ര, മത്സരശേഷം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

“വിരാട് കോഹ്‌ലിയെ വായ്പയെടുക്കണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നു. അവൻ അത്ര മികച്ചതായി കളിച്ചു, ദുബായിൽ ജനക്കൂട്ടം ആഗ്രഹിച്ചത് അവൻ നൽകി. അന്തരീക്ഷം വൈദ്യുതീകരിക്കുന്നതായിരുന്നു. അദ്ദേഹം ഗംഭീര സെഞ്ച്വറി നേടി. സ്പിന്നിങ് എതിരെ കരുതി കളിച്ച അവൻ പേസർമാരെ ആക്രമിച്ചു, ”അദ്ദേഹം പറഞ്ഞു.

ഏകദിനത്തിൽ താരത്തിന്റെ 51 ആം സെഞ്ച്വറി ആണ് ഇന്നലെ പിറന്നത്.