ഏകദിന ലോകകപ്പ്: 'വീഡിയോ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്, അത് പുറത്തുവിടും'; ബംഗ്ലാദേശിനെ വെട്ടിലാക്കി മാത്യൂസ്

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്റെ അപ്പീലിനെത്തുടര്‍ന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു. മത്സര ശേഷം തന്റെ അതൃപ്തി മാത്യൂസ് ശക്തമായ ഭാഷയില്‍ അറിയിച്ചു.

ഷക്കീബ് അല്‍ ഹസനില്‍നിന്നും ബംഗ്ലാദേശ് താരങ്ങളില്‍നിന്നുമുണ്ടായത് മോശം അനുഭവമാണ്. അവര്‍ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇന്ന് വരെ എനിക്ക് ഷക്കീബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവന്‍ തന്നെ എല്ലാം ഇല്ലാതാക്കി. വീഡിയോ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്, അത് പുറത്തുവിടും’

നിങ്ങള്‍ ബഹുമാനിക്കുന്ന ആളുകള്‍ തിരിച്ചും ബഹുമാനിക്കും. ബംഗ്ലാദേശ് ആദ്യം ക്രിക്കറ്റിനെ ബഹുമാനിക്കാന്‍ പഠിക്കണം. നാമെല്ലാവരും ക്രിക്കറ്റിന്റെ അംബാസഡര്‍മാരാണ്. ബംഗ്ലാദേശ് ചെയ്തത് പോലെ മറ്റൊരു ടീമും ചെയ്യില്ല. 15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഒരുടീമും ഈ നിലവാരത്തിലേക്ക് താഴുന്നത് കണ്ടിട്ടില്ല- മാത്യൂസ് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റര്‍ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റര്‍ പന്തു നേരിടാന്‍ തയാറാകണമെന്നാണ്. അല്ലെങ്കില്‍ എതിര്‍ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം.