ഇന്നലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനായി പ്രഖ്യാപിച്ച ടെസ്റ്റ് ടീമിൽ തന്റെ പേര് തിരയാൻ അഞ്ച് സെക്കൻഡ് ചെലവഴിച്ചതായി മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു. ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പരയാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. ജൂലൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന അവസാന ആഷസ് ടെസ്റ്റിന് ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചു.
സ്റ്റുവർട്ട് ബ്രോഡ് തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന പന്തിൽ ഒരു വിക്കറ്റ് വീഴ്ത്തി തന്റെ കരിയർ ഉയർന്ന നിലയിൽ അവസാനിപ്പിച്ചു. ഇത് ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയത്തിനും കാരണമായി. തന്റെ 16 വർഷത്തെ കരിയറിൽ 167 ടെസ്റ്റുകൾ കളിച്ച ബ്രോഡ്, 20 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 27.68 ശരാശരിയിൽ 604 വിക്കറ്റുകൾ വീഴ്ത്തി.
അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനം നടത്തും. പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ തിങ്കളാഴ്ചയാണ് ഇസിബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രോഡിന് തുല്യം കഴിവുള താരത്തെ ടെസ്റ്റിലെ പ്രധാന ബോളർ ആയി മാറ്റുക ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ആയിരിക്കും.
ഇന്ത്യക്ക് എതിരെയുള്ള പരമ്പരയിലെ ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, റെഹാൻ അഹമ്മദ്, ജെയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, ഷോയിബ് ബഷീർ, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്
സ്‌ക്വാഡിന്റെ ചിത്രം ഉൾപ്പടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ബ്രോഡ് ഇങ്ങനെ കുറിച്ചു- “യഥാർത്ഥമായി എന്റെ പേര് തിരയാൻ 5 സെക്കൻഡ് ചെലവഴിച്ചു.”